Wednesday, January 12, 2011

കീറിയ ചുവന്ന പട്ടം

ചെമ്മണ്ണടര്‍ന്ന പാതയിലൂടിഴഞ്ഞ്
ഉണങ്ങിയ കശുമാവിന്‍കൊമ്പ് കയറിയിറങ്ങി
കാരമുള്ളിന്‍ തുമ്പില്‍ക്കുരുങ്ങി
വരണ്ടവയലിറങ്ങി കളിസ്ഥലവും കടന്ന്
നീണ്ടുനീണ്ടു പോകുകയാണ് വെളുത്ത നൂല്‍...

സകൗതുകം പിന്തുടരുമ്പോള്‍
കാലില്‍പ്പുരണ്ട ചെമ്മണ്ണും
മുതുകില്‍ പോറിയ ചില്ലകളും
വിരലില്‍ കൊണ്ട മുളളും
പൊള്ളിവീര്‍ത്ത കാല്‍പ്പാദവും
തളര്‍ത്തിയതേയില്ല...
ആദിയേതെന്ന് അറിയില്ലെങ്കിലും
അറ്റമായിരുന്നു ലക്ഷ്യം...

ആകാശത്തിലെ വെളുത്ത വിമാനപ്പുക പോലെ
നൂല്‍പ്പാത നീണ്ടുകിടക്കുമ്പോള്‍
കൗതുകം
കാല്‍വെച്ചു, കണ്‍നീട്ടി നടന്നു...

നൂല്‍ ചുരുട്ടിയെടുത്ത ചൂണ്ടുവിരലറ്റത്ത്
ലക്ഷ്യം നീലിച്ചുകിടപ്പുണ്ടായിരുന്നു,
കണ്ടതേയില്ല...

ഒടുവില്‍ നടന്നുനടന്ന്
വെയിലാറിയ അഴിമുഖ തീരത്ത്
തളര്‍ന്നിരിക്കുമ്പോള്‍
അകലെ നൂലറ്റത്ത്
കീറിയ ചുവന്ന പട്ടം
കടലിലാഴുന്നു...

Monday, January 3, 2011

പൊങ്ങുതടി


ആത്മകഥ എഴുതുകയാണെങ്കില്‍
തീര്‍ച്ചയായും
ഇതുതന്നെയായിരിക്കും പേര് -
പൊങ്ങുതടി..


ഒഴുക്കുനിലച്ച ജലാശയം
അതില്‍
എന്നോ മറിഞ്ഞുവീണ
ഒരൊറ്റത്തടി...

വെരോട്ടമില്ല
ഗ്രാമത്തില്‍
സംചാരവഴികളില്‍
ഓര്‍മകളില്‍
ഭൂതം, ഭാവി, വര്‍ത്തമാനം
ഒന്നിലും...

കാറ്റ് മാത്രം സത്യം....

പടര്‍ന്നിട്ടില്ല
മുല്ലവള്ളി-എന്തിന്
കാട്ടുചെടങ്ങ്‌ പോലും...
വേരാഴ്ത്തിയിട്ടില്ല
ഹൃദയത്തില്‍,
ഇത്തിള്‍ക്കണ്ണിപോലും...

പൊങ്ങിക്കിടപ്പുണ്ടിവിടെ
കാറ്റ് മാത്രം സത്യം...

ഈ സ്വയം പറച്ചില്‍
പരാജയം തന്നെ...

Tuesday, December 14, 2010

രണ്ടു കുറുമൊഴികള്‍

ഒന്ന്

നിന്റെ കണ്ണില്‍
അളന്നെടുക്കാനാവാത്ത സമുദ്രത്തിന്‍
ആഴവും പരപ്പും
ചിരിക്കുമ്പോള്‍
ആകാശം മുഴുവന്‍ ഇറങ്ങിവന്ന്
അതില്‍ നീലം കലക്കുന്നു ....
ഞാനോ ...
കരയിലൊരു പാറമേല്‍
ജന്മമൊടുക്കി തപം ചെയ്യുന്നു.....


രണ്ട്

പോകുമ്പോള്‍
എന്റെ വാക്കുകളെല്ലാം തട്ടിയെടുത്ത്‌
എനിക്ക് നീയൊരു
ഡയറി സമ്മാനിച്ചു..
ഓര്‍മ തട്ടുംപോളൊക്കെ
ഞാനതിന്‍
നീല ഞരന്പുകള്‍ക്കിടയില്‍
കണ്ണീരുകൊണ്ട് വിരാമമാലകള്‍ തീര്‍ത്തു..
കൂട്ടിവായിക്കാന്‍ ആകുമോ
നിനക്ക്?

Friday, December 10, 2010

ഗൌളിശാസ്ത്രം

കുറച്ചുനേരം കുടി പിടച്ചു
വിഡ്ഢി ഈ ഞാന്‍
ദിഗ്ഭ്രമം ബാധിച്ചും
കണ്ണില്‍ ഇരുട്ടടച്ചും
ആ മുറിവാല്‍കുത്തിമറിച്ചില്‍ നോക്കിനിന്നു

ഒടുവില്‍ നിലച്ചു!

അന്നേരം
മുറിവാല്‍ക്കാരീ ഉത്തരത്തില്‍ നിന്ന്
നീ മൊഴിഞ്ഞത് ഞാന്‍ കേട്ടു:
"എനിക്ക് പുതുവാല്‍ മുളക്കൂലോ..
മുറിവാല് വേണേല്‍ എടുത്തോളു നീ.."

ഒടുവില്‍ ബുദ്ധി ഉണര്‍ന്നപ്പോള്‍
(വിഡ്ഢി ഈ ഞാന്‍)
മുറിവാല്‍ അറ്റമൊന്നുയര്‍ത്തിനോക്കി....
അതിശയം
വാലിനും എനിക്കും
ഒരേ നീളം...!